സ്റ്റേജ് ഷോകളിലൂടെയും, സിനിമാ-നാടകങ്ങളിലൂടെയും, പ്രേക്ഷകർക്ക് സുപരിചിതനായ, മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു. സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “കുട്ടിക്കാലം” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലും, പരിസരങ്ങളിലുമായി പൂർത്തിയായി. എസ്.ജെ പ്രൊഡക്ഷൻസിനു വേണ്ടി ഷീല ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ ചിത്രം, നല്ലൊരു സന്ദേശ ചിത്രമാണ്.
ആലപ്പി സുദർശനന്റെ മനസിൽ വർഷങ്ങളായി പതിഞ്ഞിരുന്ന ഒരു കഥയാണ് ചിത്രത്തിന് ആധാരം. “വഴി തെറ്റിപ്പോകുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു മാർഗ നിർദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രം കാണുമ്പോൾ അത് മനസിലാകും”. ആലപ്പി സുദർശനൻ പറഞ്ഞു. കെ.പി.എ.സി നാടകങ്ങളിലൂടെ ശ്രദ്ധേയയായ, സുദർശനന്റെ സഹധർമ്മിണി, കെ.പി.എ.സി. ഷീല, കൊല്ലം തുളസി, കുളപ്പുള്ളി ലീല, അഭിമന്യു അനീഷ്, ആലപ്പി സത്യൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
പന്ത്രണ്ട് വയസുകാരനായ കിച്ചു, ചെസ് ചാമ്പ്യനായിരുന്നു. അമ്മ ബിന്ദു (കെ.പി.എ.സി. ഷീല) ചെസ് ഇന്റർനാഷണൽ വിന്നറും. ബിന്ദുവിന്റെ ഓമനപുത്രനായിരുന്നു കിച്ചു. വളരെ ബുദ്ധിമുട്ടിയാണ് ബിന്ദു മകനെ വളർത്തിയത്. സ്കൂളിൽ നിന്ന് ടൂർ പോകാൻ കിച്ചു 500 രൂപയ്ക്ക് ബുദ്ധിമുട്ടി. ഒരു ദിവസം സ്ക്കൂളിലേക്കുള്ള ബസ് യാത്രയിൽ, കിച്ചു ഒരാളുടെ 500 രൂപ പോക്കറ്റടിച്ചു. ഇതറിഞ്ഞ അമ്മ ബിന്ദു അവനെ ശകാരിച്ചു. അന്ന് മുതൽ കിച്ചുവിന്റെ ഉറക്കം നഷ്ടപ്പെട്ടു. പിന്നീട്, സ്ക്കൂളിൽ പുതിയതായി വന്ന തന്റെ അധ്യാപകന്റെ പോക്കറ്റിൽ നിന്നാണ് 500 രൂപ തട്ടിയെടുത്തതെന്ന് കിച്ചു അറിഞ്ഞു. അതോടെ, കിച്ചുവിന്റെ കുറ്റബോധം ഇരട്ടിച്ചു. ഈ സംഭവങ്ങൾ കിച്ചുവിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവുകളാണ് സൃഷ്ടിച്ചത്.
നല്ലൊരു ഗുണപാഠ കഥയാണ് കുട്ടിക്കാലം എന്ന സിനിമയിലൂടെ സംവിധായകൻ ആലപ്പി സുദർശനൻ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യണമെന്ന വർഷങ്ങളായുള്ള സുദർശന്റെ മോഹം ഇതോടെ സാധിച്ചിരിക്കുകയാണ്. 1971 ൽ ഉദയായുടെ ദുർഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുദർശൻ, ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ചലച്ചിത്രം എന്ന സിനിമയിൽ നായകനായിരുന്നു. വയലാർ നാടക വേദി, കൊല്ലം ഐശ്വര്യ, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ നാടക വേദികളിലും, കോട്ടയം കലാഭാവന, തിരുവനന്തപുരം കലാസാഗർ, കൊച്ചിൻ ഗിന്നസ് തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലും പ്രവർത്തിച്ച പരിചയവും, സുദർശനനെ കരുത്തനായ കലാകാരനാക്കുന്നു. കുട്ടിക്കാലത്തിന്റെ എഡിറ്റിംഗ്, ഡബ്ബിംഗ് തിരക്കുകളിലാണിപ്പോൾ ആലപ്പി സുദർശനൻ.
എസ്.ജെ. പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന കുട്ടിക്കാലം ഷീല ഗ്രൂപ്പ് നിർമ്മിക്കുന്നു. കഥ, സംവിധാനം – ആലപ്പി സുദർശനൻ, തിരക്കഥ, സംഭാഷണം – സുബോധ്, മുന്ന ഷൈൻ, ക്യാമറ, എഡിറ്റിംഗ് – ടോൺസ് അലക്സ്, ഗാനങ്ങൾ – രാജീവ് ആലുങ്കൽ, കല – മനു ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മുന്ന ഷൈൻ, അസോസിയേറ്റ് ഡയറക്ടർ – അജ്മൽ, അസിസ്റ്റന്റ് ഡയറക്ടർ – നവാസ് വാടാനപ്പള്ളി, മേക്കപ്പ് – സുരേഷ് ചെമ്മനാട്, പ്രൊഡക്ഷൻ കൺട്രോളർ – ജോസ് വാരാപ്പുഴ, മാനേജർ – സത്യൻ ആലപ്പുഴ, പ്രൊഡക്ഷൻ – എസ്.കെ.ആലപ്പുഴ, സ്റ്റിൽ – രാജേഷ് വയലാർ, സ്റ്റുഡിയോ – കെ. സ്റ്റുഡിയോ, പി.ആർ. ഒ – അയ്മനം സാജൻ.
അഭിമന്യു അനീഷ്, കൊല്ലം തുളസി, കുളപ്പുള്ളി ലീല, കെ.പി.എ.സി ഷീല, പുന്നപ്ര മധു, പുന്നപ്ര അപ്പച്ചൻ, സത്യൻ ആലപ്പുഴ, ഷെറീഫ് ആലപ്പുഴ, അനീഷ് ആലപ്പുഴ, രശ്മി, ഗീത, മയൂര, റഹീമ, ശ്യാം തൃക്കുന്നപ്പുഴ, ജീവൻ കണ്ണൂർ, മഹാദേവൻ, കലവൂർ ശ്രീലൻ, ശശി പള്ളാത്തുരുത്തി, അരുൺ ദേവ്, അലീന ചെറിയാൻ, അദ്വൈത് ജിതിൻ, അലോക, ലതിക, ബാലൻ ആലപ്പുഴ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ