തമിഴ് നാട്ടിലെ സാധാരണ ജനങ്ങളുടെ മണ്ണ് സംരക്ഷിക്കുന്നതിനായി ധീരമായി പോരാടിയ കാടുവെട്ടി ഗുരുവിന്റെ യഥാർത്ഥ ജീവിത കഥ അവതരിപ്പിക്കുകയാണ് ‘പടയാണ്ടെ മാവീര’ എന്ന തമിഴ് ചിത്രം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി. ഗൗതം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പ്രശസ്ത താരങ്ങളോടൊപ്പം ഗൗതം നായകനായും അഭിനയിക്കുന്നു. തമിഴിലും, മലയാളത്തിലും ശ്രദ്ധേയനായ സമുദ്രക്കനി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആയിരം കോടി രൂപ വാഗ്ദാനം ചെയ്തിട്ടും, തന്റെ ഭൂമിയും, ജനങ്ങളേയും വിട്ടു കൊടുക്കാൻ വിസ്സമ്മതിച്ച ധീരനായ ചരിത്ര പുരുഷൻ കാടുവെട്ടിയുടെ ജീവിത കഥ പറഞ്ഞതിലൂടെ തമിഴിൽ ഈ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. വ്യത്യസ്തമായ കഥയും, അവതരണവും ഈ ചിത്രത്തെ ജനപ്രീയമാക്കുന്നു.
പ്രശസ്ത എഴുത്തുകാരി നീല പത്മനാഭന്റെ മാസ്റ്റർപീസ് നോവലായ തലൈമൗരികളുടെ ചലച്ചിത്ര ആവിഷ്കരണമായ മഹിഴ്ച്ചി എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ വി. ഗൗതം തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പടൈയാണ്ട മാവീര. ഈ ചിത്രത്തിന് ശേഷം ഗൗതം ശ്രീലങ്കയിലെ തമിഴ് ഈഴം മണ്ണ് ഭരിച്ച വേലു പ്രഭാകരന്റെ കഥ സിനിമയാക്കുന്നതിന്റെ തിരക്കിലാണ്.
വി.കെ.പ്രൊഡക്ഷൻ ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രം, വി. ഗൗതം രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ഡി.ഒ.പി – ഗോപി ജഗദീശ്വരൻ, ഗാനങ്ങൾ – വൈരമുത്തു,സംഗീതം – ജി.വി പ്രകാശ് കുമാർ, എഡിറ്റിംഗ് – രാജ മുഹമ്മദ്,സംഘട്ടനം – സ്റ്റണ്ട് ശിവ, നൃത്തം – ദിനേശ്, പി.ആർ. ഒ – അയ്മനം സാജൻ.
സമുദ്രക്കനി, വി. ഗൗതം, കരാട്ടെ രാജ, തലൈവാസൽ വിജയ്, പുജിത പൊന്നാട, മൺസൂർ അലി ഖാൻ, നിഴലുകൾ രവി, ശരണ്യ പൊൻവണ്ണൻ, തമിഴ് ഗൗതമൻ, അടുകളം നരേൻ, ഇളവരശു, മധുസൂധനറാവു,സായി തേനാ, റെഡിൻ കിങ്സിലി എന്നിവർ അഭിനയിക്കുന്നു. ഒക്ടോബർ 24 ന് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തും.
അയ്മനം സാജൻ