(Image courtesy: Google.com)
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ് (മേയ് 10, 1927 – മാര്‍ച്ച് 26, 2006). ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953-ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷന്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു.
1982-ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ല്‍ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരില്‍ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു.കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളായിരുന്നു.സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകള്‍ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍ എഴുതിയിരുന്നു.
എഴുതിത്തുടങ്ങുന്നവര്‍ക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതായി കുട്ടികള്‍ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയില്‍ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേര്‍ത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകള്‍, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേര്‍തിരിയുന്ന അതിര്‍വരമ്പ് നേര്‍ത്തതാണ്. അതിനാല്‍ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തനരംഗവുമായിരുന്നു.
വലപ്പാടുള്ള അതിയാരത്തുവീട്ടില്‍ കുട്ടികള്‍ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാര്‍ദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാര്‍ഡുകളില്‍ കുട്ടികളുടെ കത്തുകള്‍ക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“പൊക്കമില്ലായ്മയാണെന്റെ പൊക്കം.”
– മഹേഷ് കുമാർ