മുത്തശ്ശി-മുത്തച്ഛന്മാരെ കളിപ്പാട്ടമാക്കുന്ന പുതു തലമുറയുടെ കഥ പറയുകയാണ് ‘ഗ്രാൻഡ്മാ ടോയ്’ എന്ന ചിത്രം. പ്രമുഖ ചിത്രകാരനായ ഗജേന്ദ്രൻ വാവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
ഗ്രാൻഡ്മാ ടോയ് ആയി വത്സലാമേനോൻ അഭിനയിക്കുന്ന ചിത്രത്തിൽ മഹാശ്വേതയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോസ്‌ലിൻ, കല്യാണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. വൃദ്ധമാതാപിതാക്കൾ താമസിക്കുന്ന ഒരു വൃദ്ധസദനത്തിലെ എല്ലാവരുടെയും മാലാഖക്കുട്ടിയാണ് അച്ചൂട്ടി (മഹാശ്വേത) എന്ന ഒമ്പത് വയസ്സുകാരി. അനാഥയാണ് അച്ചൂട്ടി. വൃദ്ധമാതാപിതാക്കളുടെ ആശ്രയവും കളിക്കൂട്ടുകാരിയുമാണ് ഇവൾ.
എല്ലാവരും അവളെ മാലാഖക്കുട്ടി എന്നാണ് വിളിക്കുന്നത്. അച്ചൂട്ടിയാണ് അവരുടെ എല്ലാമെല്ലാം.
കുട്ടികൾക്കെല്ലാം ഒരു ഗ്രാൻഡ്മാ ടോയ് വേണ്ട കാലമാണിന്ന്. ഒരു കുട്ടി, ഗ്രാൻഡ്മാ ടോയ് ഇല്ലാത്തതിന് മാതാപിതാക്കളോട് നിരന്തരം പരാതി പറഞ്ഞു. ഒടുവിൽ ഇവർ കുട്ടിയുടെ പരാതി പരിഹരിക്കാൻ തീരുമാനിച്ചു. അവർ വൃദ്ധ സദനത്തിലെത്തി. സുന്ദരിയായ ഒരു മുത്തശ്ശിയെ (വത്സലാമേനോൻ) മകനുവേണ്ടി വാടകക്ക് എടുത്തു. ഈ സമയം കുട്ടിയുടെ യഥാർത്ഥ മുത്തശ്ശി (റോസ്‌ലിൻ) ഇവരോടൊപ്പം വീട്ടിൽ പോകാൻ വൃദ്ധസദനത്തിൽ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ മകനും ഭാര്യയ്ക്കും സുന്ദരിയായ ഗ്രാൻഡ്മാ ടോയ് മതിയായിരുന്നു. അവർ മകന്റെ പുതിയ കളിപ്പാട്ടവുമായി വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തിയ ഗ്രാൻഡ്മാ ടോയ് മകന്റെ നല്ലൊരു കളിപ്പാട്ടമായി പ്രവർത്തിച്ചു തുടങ്ങി. മകന് ഇഷ്ട്ടപ്പെട്ട കഥകൾ പറഞ്ഞു കൊടുത്ത ഗ്രാൻഡ്മാ ടോയ് താരാട്ടുപാടി തുറക്കുകയും ചെയ്തു.
ഒരു ദിവസം ഗ്രാൻഡ്മായെയും, കുട്ടിയേയും വീട്ടിൽ നിന്ന് കാണാതായി. വൃദ്ധസദനത്തിൽ എത്തിയിരുന്നു ഇവർ. അവിടെ കുട്ടിയുടെ യഥാർത്ഥ മുത്തശ്ശിയുമായി കഥ പറച്ചിലും കളിയും തുടങ്ങി കുട്ടി. അപ്പനും അമ്മയ്ക്കും കുട്ടിയെ മുത്തശ്ശിയിൽ നിന്ന് കുട്ടിയെ അകറ്റാനും കഴിഞ്ഞില്ല. ഒടുവിൽ അച്ചൂട്ടി കുട്ടിയെ സ്നേഹത്തോടെ പിടിച്ചു നിർത്തി പറഞ്ഞു. “മോൻ വീട്ടിൽ പോകണം. നന്നായി പഠിച്ചു നല്ല ജോലി നേടണം. എങ്കിലേ മോന്റെ പപ്പയെയും, മമ്മിയെയും വൃദ്ധസദനത്തിൽ വിടാൻ പറ്റൂ. കുട്ടി അതുകേട്ട് തലയാട്ടി. അപ്പോൾ കുട്ടിയുടെ അപ്പന്റെയും, അമ്മയുടെയും നെഞ്ച് പിടയുകയായിരുന്നു.
പി.യു. കൃഷ്ണൻ അവതരിപ്പിക്കുന്ന ‘ഗ്രാൻഡ്മാ ടോയ്’ പ്രമുഖ ചിത്രകാരനായ ഗജേന്ദ്രബി വാവ സംവിധാനം ചെയ്യുന്നു. രചന – സതീഷ് മുതുകുളം, കാമറ – ജോഷ്വാ റൊണാൾഡ്, മേക്കപ്പ് – അർജുൻ ചേർത്തല, കോസ്റ്റുമെർ – മുരുകൻ , പ്രൊഡക്ഷൻ കൺട്രോളർ – ബിജുകുമാർ, മാനേജർ – രാമദാസ് കരുനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടർ – ശ്രാവൺ ബിജു, സംവിധാന സഹായി – ക്രിസ്റ്റിൽ റോയ്, സ്റ്റിൽ – സദൻ റോപ്പ്, പരസ്യകല – വാവാസ് ഗ്രാഫിക്സ്.
മഹാശ്വേത, വിനോദ് രവി, കല്യാണി, വത്സലാ മേനോൻ, റോസ്‌ലിൻ, മാസ്റ്റർ അമൽ, മാസ്റ്റർ അഭിനവ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.