ഇന്ത്യയിലെ പ്രമുഖ മെട്രൊ നഗരമായ മുംബൈയിലെ ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിലൂടെ പണിതിരിക്കുന്ന ഒരു 8 വരി പാലമാണ് ബാന്ദ്ര വർളി കടൽപാലം എന്നറിയപ്പെടുന്നത്. ഇത് കേബിൾ ഉപയോഗിച്ച് വലിച്ചു കെട്ടിയിട്ടുള്ളതും കോൺക്രീറ്റ് കൊണ്ട് അടിത്തറയും പണിത രീതിയിലുള്ള മനോഹരമായ ഒരു പാലമാണ്. 5.6 കിലോമീറ്ററുകൾ നീളമുള്ള ഈ പാലം ബാന്ദ്ര, വർളി, നരിമാൻ പോയിന്റ് എന്നിവയുമായി ബന്ധിപ്പിക്കുന്നു.
1600 കോടി രൂപ ചെലവുള്ള ഈ പാലം പദ്ധതി മഹാരാഷ്ട്ര സംസ്ഥാന റോഡ് ഡെവലപ്മെന്റ് കോർപ്പറേഷനു വേണ്ടി ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മിച്ചത്. ഇതിന്റെ രൂപകൽപ്പനയും മറ്റ് പദ്ധതി മേൽനോട്ടവും ദാർ കൺസൽട്ടന്റ് (DAR Consultants) ആണ്. ഈ പാലത്തിന്റെ പണി പൂർത്തിയായതോടെ മുംബയിലെ തിരക്കേറിയ സ്ഥലങ്ങളായ ബാന്ദ്ര വർളി എന്നിവിടങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമായിത്തീർന്നു.
പടിഞ്ഞാറു നിന്ന് മുംബൈയിലേയ്ക്കുള്ള യാത്രയ്ക്ക് ആദ്യം മാഹിം കോസ്വേ വഴിയുള്ള റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാരണം കൊണ്ട് ഈ വഴിയിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നു. ഈ വഴിയിൽ മറ്റൊരു ഗതാഗതമാർഗ്ഗമെന്ന നിലയ്ക്കാണ് ബാന്ദ്ര വർളി സീ ലിങ്ക് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ഈ പാലത്തിൽ പ്രവേശിക്കാൻ വാഹങ്ങൾ ടോൾ കൊടുക്കേണ്ടതായിട്ടുണ്ട്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആദ്യ നാലു ദിനങ്ങളിലുള്ള യാത്ര സൗജന്യമായിരുന്നു. മാഹിം കോസ്വേ വഴി വഴി വരുന്ന വാഹനങ്ങൾ എട്ട് കിലോമീറ്റർ ദൂരത്തിലുള്ള മാഹിം മുതൽ വർളി വരെയുള്ള യാതയ്ക്ക് നാൽപത് മിനുട്ടുകളോളം എടുക്കാറുണ്ട്.
ആദ്യം ഉണ്ടായിരുന്ന പാലത്തിന്റെ രൂപകല്പ്പനയിൽ പിന്നീട് പല മാറ്റങ്ങളും വരുത്തേണ്ടി വന്നു. ഒരു ടവറിനു പകരം രണ്ട് ഉണ്ടാക്കേണ്ടിവന്നതായിരുന്നു അതിൽ മുഖ്യം. കൂടാതെ ഈ പാലം 150 മീറ്ററോളം കടലിലേയ്ക്ക് മാറ്റിപണിയേണ്ടുന്നതായും വന്നു. വർളി കോളിവാഡയിലുള്ളവരുടെ മത്സ്യബന്ധന കപ്പലുകൾക്ക് കടന്നുപോകാനുള്ള ഉയരം കിട്ടാൻ വേണ്ടി വർളി ഭാഗത്ത് മറ്റൊരു കേബിൾ പാലവും ഉണ്ടാക്കേണ്ടതായി വന്നു. ഇത്തരം മാറ്റങ്ങൾ മൂലം പാലത്തിന്റെ നിർമ്മാണം വൈകുകയും നിർമ്മാണച്ചെലവ് ഉയരുകയും ചെയ്തു.
ബാന്ദ്ര വർലി കടൽപ്പാലത്തിൽ എത്തിച്ചേരാനുള്ള ലിങ്കിനായി CLICK ചെയ്യാം.