ഇവമോൾ കുറെ നേരമായി അലമാരയിലെ കണ്ണാടിക്കു മുമ്പിൽ തല ചെരിച്ചും കുലുക്കിയും കളിക്കുകയാണ്, ഇടയ്ക്കിയ്ക്ക് ചുണ്ടും കണ്ണും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. നന്നായി ഒരുങ്ങീട്ടുമുണ്ട്. പോരാത്തതിന് അമ്മയുടെ ഷോളെടുത്ത് സാരിയാക്കിട്ടുമുണ്ട്.
“ഇതിപ്പൊ എന്തിനുളള പുറപ്പാടാണാവോ!” ജോലി തിരക്കിനിടയിൽ ലാപ്പ്ടോപ്പിൽ നിന്നും കയ്യെടുക്കാതെത്തന്നെ അമ്മയുടെ ചോദ്യം വന്നു.
“ഇന്നു കുറച്ചു തിരക്കുള്ള ദിവസാണ്. എനിക്ക് പണിയുണ്ടാക്കല്ലേ ഇവാ”.
അമ്മയ്ക്കവളുടെ മറുപടിയുമെത്തി.
“ഇന്നെനിക്കും തിരക്കുള്ള ദിവസാണ്.”
“നിനക്കെന്ത് തിരക്ക്?”
“ഇന്ന് ടെസ്റ്റ് പേപ്പറിടാനുണ്ട്. നമ്മുടെ ഫ്ലാറ്റിലെ ചേച്ചിമാർക്കും ഏട്ടന്മാർക്കുമൊക്കെ” .
“ചേച്ചിമാർക്കും ഏട്ടന്മാർക്കും ടെസ്റ്റ് പേപ്പറിടുന്ന് നിയാണോ. അത് നന്നായി”.
“ഇന്ന് ഗൂഗിൾ മീറ്റുണ്ട്. അവരോട് പഠിച്ചു വരാൻ പറഞ്ഞിട്ടുണ്ട്”.
“അവർക്കൊക്കെ നിറയെ പഠിക്കാനുണ്ട്. നിന്റെ പുന്നാരത്തിന് നിൽക്കാണല്ലോ”.
“ഇന്നെനിക്ക് സ്കൂളിലെ ക്ലാസില്ല. അപ്പോൾ ഞാനവർക്ക് ക്ലാസ് വെക്കും”.
“ഇവാ, നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ. അവർക്കൊക്കെ പഠിക്കാനുണ്ട് ” .
“അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ. ഞാൻ ലിങ്ക് അയച്ചു കഴിഞ്ഞു “.
മാസ്കിട്ടു. മേശപ്പുറത്തൊരു സാനിറ്റൈസർ കുപ്പിയും വെച്ചു.
ഇതെന്തിനാ വീട്ടിൽ മാസ്കും സാനിറ്റൈസറുമെന്നായി അമ്മ.
അത് ചേച്ചിമാരും ഏട്ടന്മാരും സ്കൂളിൽ പോവുമ്പോൾ മറക്കാതിരിക്കാൻ വെച്ചതാണെന്ന് ഇവമോളും പറഞ്ഞു.
ഇവമോൾ ക്ലാസെടുക്കാൻ തുടങ്ങി. ചേച്ചിമാരും ഏട്ടന്മാരുമെല്ലാം ഓൺലൈനിലുണ്ട്. അവൾ ഓരോ ചിത്രങ്ങൾ കാണിച്ചു പേര് പറയാൻ പറഞ്ഞു. ശരിയുത്തരം പറഞ്ഞവർക്കെല്ലാം അവൾ മാർക്കിട്ടു. പരീക്ഷ കഴിഞ്ഞതും ഗൂഗിൾ മീറ്റും കഴിഞ്ഞു. ഇവമോൾ എല്ലാവർക്കും മാർക്കിടുകയാണ്.
അപ്പോഴാണ് കോളിംഗ് ബെൽ കേട്ടത്.
ഇവമോൾ ജനൽ വഴി നോക്കി.
“അമ്മേ ആരോ വന്നിരിക്കുന്നു.”
വാതിൽ തുറന്ന് പുറത്തേക്കു പോയ അമ്മ. “ഇവ മോളെ, ഇത് നിന്റെ മിസല്ലേ “.
അവൾ വന്നു പരിഭവമുഖത്തോടെ നോക്കി.
“എന്റെ മിസ് കമ്പ്യൂട്ടറിലാണല്ലോ.” എന്നും പറഞ്ഞവൾ കമ്പ്യൂട്ടറിനു മുമ്പിലേക്കു ഓടി.
“ഇവമോള് മിസിനെ ആദ്യായിട്ട് കാണാ. അയിന്റെയാണ്. എൽ.കെ.ജിയിൽ ചേർന്ന മുതൽ ഓൺലൈൻ ക്ലാസല്ലേ”. അമ്മ പറഞ്ഞപ്പോൾ ഇവമോൾ ഇമ വെട്ടാതെ അമ്മയെത്തന്നെ നോക്കി.
“സ്കൂൾ ചുവരുകളും കൂട്ടുകാരേയുമൊന്നും കാണാത്ത ഇവ മോളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല”. മിസവളെ ചേർത്തു പിടിച്ചു. പരിഭ്രമം തീരാത്ത ഇവമോൾ തലപൊക്കി മിസിനെത്തന്നെ നോക്കി.
– ബീന മേലഴി