തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സ്ത്രീ സംവിധായിക. ചിത്രത്തിൻ്റെ നിർമ്മാണവും, സംവിധാനവും കൂടാതെ, ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നതും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂർ ആണ്. ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി ഉടൻ തീയേറ്ററിലെത്തും.
വൈവിദ്യമാർന്ന നിരവധി വേഷപകർച്ചകളിലൂടെ കടന്നുപോകുന്ന ബിന്ദുവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സാധാരണ അംഗമായിരുന്ന ബിന്ദു നല്ലൊരു ജീവ കാര്യണ്യ പ്രവർത്തകയായി മാറുന്നു. ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കണമെന്നും, ഒരു മനുഷ്യനുള്ള എല്ലാ സ്വാതന്ത്യവും അവൾക്കുണ്ടാവണ മെന്നും, ആഗ്രഹിക്കുകയും, അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബിന്ദു, തന്റെ സഹജീവികളുടെ ഉന്നമനത്തിനു വേണ്ടിയും ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. ബിന്ദുവിൻ്റെ ജീവിതത്തിലൂടെ സ്ത്രീയുടെ പല മുഖങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായിക.

തൊഴിലിടങ്ങളിൽ, വിദ്യാലയങ്ങളിൽ, സ്വന്തം വീടുകളിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ രോദനം ഈ ചിത്രത്തിൽ ദർശിക്കാം.
സ്ത്രീകൾക്ക് സമൂഹം കൽപ്പിച്ചുവെച്ചിരിക്കുന്ന വേലിക്കെട്ടുകളേയും, സ്വയം സൃഷ്ടിച്ചുവെച്ചിരിക്കുന്ന ഇരുളടഞ്ഞ തടവറകളേയും, ഭേദിച്ച് പുറത്തു വരാൻ, വിദ്യാഭ്യാസത്തിൻ്റെ മഹത്വം കൊണ്ട് കഴിയും എന്ന് ബിന്ദു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നു.

സമൂഹത്തിൻ്റെ താഴേത്തട്ടിലുള്ള സ്ത്രീ വർഗ്ഗത്തിന്, സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ തൊഴിലുറപ്പ് പദ്ധതി ഒരു പരിതിവരെ സഹായിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ വാർദ്ധക്യത്തിൻ്റെ അരക്ഷിതാവസ്ഥയെ നേരിടുവാൻ, മറ്റു വരുമാനശ്രോതസ്സുകൾ കണ്ടെത്തി അതിലേയ്ക്ക് മുൻകൂട്ടി തയ്യാറെടുക്കുവാനും, ബോധവൽക്കരണം നടത്തുകയാണ് ബിന്ദു എന്ന സ്ത്രീ തൊഴിലാളി.
സമൂഹത്തിൻ്റെ രണ്ട് തട്ടിലായി നിലനിന്നിരുന്ന, മുതലാളി തൊഴിലാളി അതിൽവരമ്പുകളെ, ബലഹീനമാക്കി കൊണ്ട്, വിപ്ലവാത്മകരമായി തൊഴിലുറപ്പ് പദ്ധതി മുന്നേറിയപ്പോൾ, സ്ത്രീ തൊഴിലാളി വർഗ്ഗത്തിന് ഈ പദ്ധതിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കുവാൻ കഴിഞ്ഞെന്ന്, ചിത്രത്തിൻ്റ കഥാപശ്ചാത്തലത്തിലൂടെ ദർശിക്കാം.
ഒരാളെ മാത്രം ചുറ്റിപ്പറ്റിയുള്ള ഭ്രമണത്തിൽ നിന്നും “സ്വയ”ത്തെ വിടുവിച്ചെടുക്കുമ്പോൾ, “സ്ത്രീ”, ലോകത്തിൻ്റെ തന്നെ സ്പന്ദനമായി, പരമോന്നതമായ ജീവിത സാഫല്യത്തിൽ എത്തിച്ചേർന്ന്, ലോകനന്മയ്ക്കായ് അണി ചേരും എന്ന് കഥാന്ത്യത്തിൽ മനസ്സിലാക്കാം.
പൊള്ളുന്ന ഭൂതകാലത്തിൽ നിന്നും, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് സംവിധായിക അവതരിപ്പിക്കുന്ന ബിന്ദു എന്ന കഥാപാത്രം. സോഫി ടൈറ്റസ് ഈ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു കഥാകൃത്തുകൂടിയായ സോഫി, ചിത്രത്തിനു വേണ്ടി മികച്ച തിരക്കഥയാണ് ഒരുക്കിയത്.

സോഫി പ്രൊഡക്ഷൻസിനു വേണ്ടി സോഫി ടൈറ്റസ് നിർമ്മാണം, സംവിധാനം, കഥ, തിരക്കഥ, എന്നിവ നിർവ്വഹിക്കുന്ന ലേഡി വിത്ത് ദ വിങ്സ് എന്ന ചിത്രം നവംബർ മാസം തീയേറ്ററിലെത്തും. ഡി.ഒ.പി – പ്രമോദ് കുമാർ, ജയിംസ് ക്രിസ്, എഡിറ്റർ – ഷാജോ എസ്.ബാബു, ഗാന രചന – സോഫിടൈറ്റസ്, സംഗീതം – അശ്വിൻ ജോൺസൻ, ഹരി മുരളി ഉണ്ണികൃഷ്ണൻ, ബിബിൻ അശോക്, ബാഗ് ഗ്രൗണ്ട് മ്യൂസിക് – അശ്വിൻ ജോൺസൻ, കോസ്റ്റ്യൂം – സോഫി ടൈറ്റസ്, മേക്കപ്പ് – ശരത്ത്, പി.ആർ.ഒ – അയ്മനം സാജൻ.
സോഫി ടൈറ്റസ്, സന്തോഷ് കീഴാറ്റൂർ, ജേക്കബ്, രാജേഷ് ഹെബ്ബാർ,രാഹുൽബഷീർ, സാജു വർഗീസ് എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
