ഇപ്പോഴത്തെ ന്യൂ ജനറേഷൻ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ ആയിരിക്കും ഈ പറഞ്ഞ എൺപതുകളിലെ വിദ്യാർത്ഥികളിൽ ഉൾപ്പെടുക.
ആകാശവാണി, ദൂരദർശൻ എന്നീ മാധ്യമങ്ങൾ നമ്മുടെ ഇടയിൽ കൂടുതൽ പ്രചാരത്തിൽ വന്ന സമയമായിരുന്നു 1980 – 1990 കാലഘട്ടം. ഇന്നത്തെപ്പോലെ മാറ്റി മാറ്റി കാണാൻ ചാനലുകൾ ഇല്ലാതിരുന്ന കാലം. വയലും വീടും, ചലച്ചിത്രഗാനങ്ങൾ, വാർത്തകൾ, തുടർനാടകങ്ങൾ, ചലച്ചിത്ര ശബ്ദരേഖ ഇങ്ങനെ നീളുന്നു ആകാശവാണിയിലെ പരിപാടികൾ. ദൂരദർശനിൽ, ഡൽഹിയിൽ നിന്നും സംപ്രേഷണം ചെയ്തിരുന്ന ചിത്രഹാർ, സുരഭി, രാമായണം എന്നിവയ്ക്ക് പുറമെ മലയാളം വാർത്തകൾ, ചിത്രഗീതം, കൂടാതെ ആഴ്ചയിൽ ഒരിക്കൽ മാത്രം വന്നിരുന്ന മലയാളചലച്ചിത്രം എന്നിവയായിരുന്നു ആ തലമുറയുടെ ഇഷ്ട പരിപാടികൾ. ഒരു സിനിമ കാണാൻ ഒരാഴ്ച വരെ കാത്തിരുന്ന നാളുകൾ.
അന്ന് എല്ലാ വീടുകളിലും ടെലിവിഷൻ ഇല്ലായിരുന്നു. എന്നാൽ മിക്കവാറും വീടുകളിൽ റേഡിയോ നല്ല പ്രചാരത്തിൽ ഉണ്ടായിരുന്നു. മുതിർന്നവർ റേഡിയോ കേൾക്കാൻ അങ്ങാടികളിൽ പോയിരുന്ന കാലം. ഒരു ചായയും കുടിച്ചു കൂട്ടുകാരോട് തമാശകൾ പറഞ്ഞിരിക്കുമ്പോൾ ചുണ്ടിൽ എരിയുന്ന ബീഡിയും കാണും. തലയാട്ടിയും തല കുമ്പിട്ടും കൈകൾ അതിവേഗം ചലിപ്പിച്ചും ബീഡി തെറുക്കുന്ന ഒരു ചേട്ടനും കടയുടെ ഒരു ഭാഗത്ത് കാണും. അപ്പോൾ കടയ്ക്കുള്ളിൽ നിന്ന് ചലച്ചിത്രഗാനങ്ങളും വാർത്തകളും ഒഴുകിയെത്തും. അന്ന് മതങ്ങളും രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ തമ്മിൽ തരം തിരിച്ചിരുന്നില്ല.
ഇനി അന്നത്തെ കുട്ടികളിലേക്ക് തിരികെയെത്താം. നാല് ചുവരുകളിൽ തളച്ചിടുന്നതായിരുന്നില്ല അന്നത്തെ ബാല്യങ്ങൾ. പാള വലിച്ചും, ഗോലി കളിച്ചും, മഴയാകുമ്പോൾ കടലാസ് തോണി ഉണ്ടാക്കി കളിച്ചും അവർ ഉല്ലാസം കണ്ടിരുന്നു. കളിയ്ക്കാൻ ഒരുപാടു സ്ഥലങ്ങൾ അവർക്കുണ്ടായിരുന്നു. അതിനു അയൽവാസിയുടെയോ അവരുടെ തന്നെയോ പറമ്പുകൾ ധാരാളം. മാങ്ങയും മറ്റും എറിഞ്ഞിട്ടും മരത്തിൽ കയറി പറിക്കാനും അവർക്കു ധാരാളം സമയം ഉണ്ടായിരുന്നു. കൈയിൽ കരുതിയിരുന്ന കല്ലുപ്പിൽ തൊട്ടു പച്ച മാങ്ങകൾ കഴിച്ചിരുന്ന ആ കാലം ഓർക്കുമ്പോൾ ഒരുപക്ഷെ ഇപ്പോഴും അവരുടെ വായിൽ വെള്ളമൂറും. മരുന്നുകൾ തളിക്കാത്ത നല്ല പച്ചക്കറികൾ അവരവരുടെ പറമ്പുകളിൽ തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആശുപത്രികളിൽ പോയിരുന്നവർ വളരെ ചുരുക്കം മാത്രം.
കൈസഞ്ചിയും, പെട്ടികളും ഒക്കെ കൈയിൽ തൂക്കി സ്കൂളിലേക്ക് നടന്നു പോകുമ്പോഴും അതുവഴി ഇടയ്ക്കു മാത്രം കടന്നു പോകുന്ന ബസിലെ ഡ്രൈവർ മാമന് കൈകൾ വീശി ടാറ്റാ പറയാൻ മത്സരിച്ചിരുന്നു ആ കുട്ടികൾ. ആ ബസുകൾ ആയിരുന്നു അവർക്കു സ്കൂൾ സമയം മനസ്സിലാക്കി കൊടുത്തിരുന്നത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കഴിച്ചിരുന്ന കഞ്ഞിയും പയറും, ഉപ്പുമാവ് എന്നിവയുടെ രുചി ഇന്നത്തെ ഒരു ഹോട്ടലുകളിലും നിന്ന് കിട്ടില്ല എന്നതാണ് വാസ്തവം. വൈകുന്നേരം ആകുമ്പോൾ സ്കൂളിൽ മുഴങ്ങുന്ന ‘ജനഗണമന’ ഗാനവും കൂട്ട ബെല്ലടിയും കഴിഞ്ഞാൽ വീടുകളിലേക്ക് ഓടുകയായി.
പിന്നീട് ഓർത്തെടുക്കാനുള്ളത് അന്നത്തെ ഒത്തുകൂടലുകളാണ്. ഓണം, വിഷു, ഈദ്, ക്രിസ്മസ് മുതലായ ആഘോഷങ്ങളാണ് ദൂരെ താമസിക്കുന്ന ബന്ധുക്കളായ കുട്ടികൾക്കു തമ്മിൽ കാണുവാനുള്ള ഒരവസരം ഉണ്ടാക്കി കൊടുത്തിരുന്നത്. ഇന്നത്തെപോലെ വാഹനങ്ങൾ കൂടുതൽ പ്രചാരത്തിൽ ഇല്ലാതിരുന്നതാകാം ആ ഒത്തുകൂടൽ വല്ലപ്പോഴും മധുരം നൽകിയിരുന്നത്.
ഇതൊക്കെ അന്നത്തെ കുട്ടികൾക്ക് (ഇപ്പോഴത്തെ അച്ഛനമ്മമാർക്ക് ) ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്ന പ്രധാന രംഗങ്ങളിൽ ചിലതു മാത്രം. ഇപ്പോൾ അവരുടെ കുട്ടികൾ വലിയ ബാഗുകൾ തൂക്കി സ്കൂൾ ബസ് വരുന്നതും കാത്തു നിൽക്കുമ്പോഴും, സ്കൂളിൽ നിന്ന് തിരിച്ചു വന്ന് സ്‌നാക്‌സും മറ്റും കൊറിച്ചുകൊണ്ടു ചാനലുകൾ മാറ്റി മാറ്റി സിനിമകൾ കാണുമ്പോഴും, വീഡിയോ ഗെയിമുകളിലും മറ്റും മുഴുകുമ്പോഴും, ഒരുപക്ഷെ തങ്ങൾ പറന്നു നടന്നിരുന്ന ആ പഴയ കാലങ്ങളിലേക്കു തിരിച്ചു പോകാത്തവർ ചുരുക്കം.
പഴയ ആ കാലത്തെ കുറച്ചു ഓർമ്മകൾ ഇവിടെ കാണാം.