ഹുസ്ന സിനു
നട്ടുച്ച നേരത്തെ വെയില് ഉച്ചീല് തറച്ച നേരം തൊണ്ട വരണ്ടുകിടക്കുന്നത് ശരീരം മുഴുവനും അറിഞ്ഞിരുന്നു. വിറച്ചു വിറച്ചു ഓരോ കാലെടുത്തു തറയിൽ വെക്കുമ്പോഴും ഭൂമിയിലെ അടിത്തട്ടിൽ പതിക്കുന്നതുപോലെ തോന്നി. ഓരോ ചുവടു വെക്കുന്ന നേരം ചുറ്റും പരതികൊണ്ടിരുന്നു തന്റെ ഉള്ളിലേക്ക് കുഴിഞ്ഞിറങ്ങിയ കണ്ണുകൾ.
ദൂരെ ഒരു കട കണ്ടനേരം മനസ്സൊന്ന് തണുത്തു. അവിടേക്ക് ആഞ്ഞു നടന്നിട്ടും കാലുകൾക്ക് തന്റെ ശരീരം ഒരു ഭാരമാക്കപ്പെട്ടപോലെ തോന്നി. കടയിൽ അത്യാവശ്യം തിരക്കുള്ള നേരം തന്നെയാണ്.
വിശപ്പിന്റെ ആഗതത്തിൽ വയറുള്ളിലേക്ക് പോയിരുന്നു കുഴിഞ്ഞ വയറൊന്ന് തടവിക്കൊണ്ട് തന്റെ മഞ്ഞ കലർന്ന പല്ലുകൾ കാട്ടി എന്തെങ്കിലും തരണേ എന്ന് ആവർത്തിച്ച് പറഞ്ഞു നോക്കി.
ആരും ഒന്ന് തിരിഞ്ഞു നോക്കിയതുപോലും ഇല്ല. എല്ലാവരും അവർക്ക് കിട്ടിയ വിഭവങ്ങള് കുറ്റവും കുറവും നികത്തി തിന്നു കൊണ്ടിരിക്കുന്നു. ചിലരവർക്ക് കിട്ടിയതിൽ സംതൃപ്തി ആവാത്തതിനാൽ ചുമരിനോട് ചേർന്ന് കിടക്കുന്ന കുപ്പപാത്രത്തിലേക്ക് വലിച്ചെറിയുന്നുണ്ട്.
ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി തന്റെ കീറി പറിഞ്ഞ പാന്റ് മുകളിലേക്ക് വലിച്ചു തന്റെ കൈയ്യ് വീണ്ടും കടയുടയുടെ നേർക്ക് നീട്ടി കൈയിലുണ്ടായിരുന്ന കപ്പിലെ ചൂടുവെള്ളം തനിക്കുനേരെ നീട്ടി അയാള് അട്ടഹസിച്ചു കൊണ്ട് പറഞ്ഞു.
“പൊയ്ക്കോ മുമ്പീന്ന്, ഇല്ലച്ഛാ തിളച്ച വെള്ളം ഒഴിക്കും ഇപ്പൊ…”
പേടിച്ചു വിറച്ചു കുപ്പക്കരികിൽ ഇരുന്നു തന്റെ എതിർവശത്തെ പട്ടിയെ ഒന്ന് നോക്കി. വരുന്നവരും പോകുന്നവരും പട്ടിക്ക് ആവിശ്യത്തിന് ഭക്ഷണം ഇട്ടുകൊടുത്തു കൊണ്ടിരിക്കുന്നുണ്ട്.
വിശപ്പ് സഹിക്കാൻ വയ്യാതെ നിൽക്കുമ്പോഴാണ് മുമ്പിലുള്ള മേശപ്പുറത്തു ഒരു ബണ്ണും പൊതി കണ്ടത് മെല്ലെ അവിടുന്ന് എണീറ്റ് പോയി ആ പൊതി എടുത്തു നടന്നു. മെല്ലെ പൊതി തുറന്നു ഒരു കഷണം വായയിൽ വെക്കാൻ നിൽക്കുമ്പോഴായിരുന്നു ആദ്യത്തെ അടി തന്റെ തലക്ക് കിട്ടിയത്..
ചുറ്റിനും ആളുകൾ കൂടുന്നത് ഉൾകാഴ്ചയിൽ കണ്ടു കണ്ണുകൾ അടഞ്ഞുപോകുന്ന പോലെ തോന്നി.
“കള്ളനാണവൻ..” ആരോ ആൾക്കൂട്ടത്തിൽ നിന്നും വിളിച്ചു പറയുന്നുണ്ട്.
“അടിക്ക് മച്ചാ അവനിട്ട് “ എന്ന് മറ്റാരോ പറഞ്ഞതും പുറത്തു വന്ന് രണ്ട് ചവിട്ട് കൊണ്ടതും ഭൂമി പിളരുന്ന പോലെ തോന്നി, മണ്ണിലേക്ക് കമ്മിയിന്ന് അടിച്ചു വീണു.
ശരീരം ആകെ വിറക്കുന്നുണ്ടായിരുന്നു ഓരോ അടി അടിക്കുമ്പോഴും കള്ളനെന്ന് അവരുറക്കെ പറയുന്നുണ്ട്. അവസാനത്തെ തന്റെ ശരീരത്തെ ശ്വാസം മുകളിലോട്ട് വലിച്ചു എടുക്കുമ്പോഴും അവരാർത്തു ചിരിക്കുകയായിരുന്നു.
എല്ലുകള് അമർന്നു ഭൂമിക്ക് മീതെ ജീവനില്ലാതെ കിടക്കുമ്പോഴും തിന്നാൻ കൊതിച്ച ബണ്ണിന്റെ കഷ്ണവും അയാൾക്കൊപ്പം അമർന്ന് കിടപ്പുണ്ട് മുറുകെ പിടിവിടാതെ അമർത്തിപ്പിടിച്ച്.