1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം.
ഇത് ടർക്കിഷ് സാമ്രാജ്യം, ടർക്കി എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന് ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടർക്കി എന്ന രാജ്യത്തിന് സാമ്രാജ്യം വഴിമാറി.
സാമ്രാജ്യത്തിന്റെ ഏറ്റവും വിസ്തൃതമായ 16ആം നൂറ്റാണ്ടിനും 17ആം നൂറ്റാണ്ടിനും ഇടയ്ക്ക് മൂന്നു ഭൂഖണ്ഡങ്ങൾ വ്യാപിച്ചുകിടന്ന ഓട്ടൊമൻ സാമ്രാജ്യം തെക്കുകിഴക്കൻ യൂറോപ്പ്, മദ്ധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക എന്നി പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആധിപത്യം സ്ഥാപിച്ചിരുന്നു. സാമ്രാജ്യത്തിൽ 29 പ്രൊവിൻസുകളും അനേകം സാമന്തരാജ്യങ്ങളും ഉണ്ടായിരുന്നു. ഈ സാമന്തരാജ്യങ്ങളിൽ ചിലത് പിൽക്കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു, മറ്റു ചിലത് കാലക്രമേണ സ്വയംഭരണം കൈവരിച്ചു. ദൂരദേശത്ത് സ്ഥിതി ചെയ്തിരുന്ന പല പ്രദേശങ്ങളും ഓട്ടൊമൻ സുൽത്താനും ഖലീഫയ്ക്കും കൂറ് പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്തിന് താത്കാലികമായി കീഴ്പ്പെട്ടിരുന്നു.
മുസ്ലീങ്ങളുടെ വിശുദ്ധനഗരങ്ങളായ മെക്കയും മദീനയും ജെറുസലേമും, സാംസ്കാരികകേന്ദ്രങ്ങളായിരുന്ന കെയ്‌റോ, ദമാസ്കസ്, ബാഗ്ദാദ് എന്നിവയുടെയെല്ലാം നിയന്ത്രണം സ്വായത്തമായിക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമികലോകത്തിന്റെ തന്നെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു.
ജനാധിപത്യഭരണത്തിന്റെ ആരംഭം
പതിനേഴാം നൂറ്റാണ്ടിൽ സാർ റഷ്യ, മദ്ധ്യേഷ്യ മുഴുവൻ നിയന്ത്രണത്തിലാക്കിയിരുന്നു. 1861-76 കാലത്ത് ഭരണത്തിലിരുന്ന ഓട്ടൊമൻ സുൽത്താൻ അബ്ദുൾ അസീസിന്റെ കാലത്ത്, മദ്ധ്യേഷ്യൻ ഇസ്ലാമികനേതാക്കൾ റഷ്യക്കെതിരെ നടപടിയെടുക്കാൻ സുൽത്താനോട് അപേക്ഷിച്ചു. എന്നാൽ യൂറോപ്യൻ ശക്തികളെ ഭയന്നിരുന്ന സുൽത്താന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. മാത്രമല്ല 1870കളിൽ, ബൾഗേറിയ ബോസ്നിയ, സെർബിയ, മോണ്ടിനിഗ്രോ എന്നിവിടങ്ങളിൽ റഷ്യൻ പിന്തുണയിൽ ഇസ്താംബൂളിനെതിരെ കലാപങ്ങളുയർന്നു. ഇത് അബ്ദുൾ അസീസിന്റെ ഭരണത്തിനും അന്ത്യം വരുത്തി.
വിശ്വാസികളുടെ പ്രാതിനിധ്യ ഭരണം ലക്ഷ്യമാക്കി 1859-ൽ രൂപം കൊണ്ട ഓട്ടൊമൻ യുവജനസംഘടനയുടെ നേതാവായ മിദ്‌ഹത് പാഷ ആയിരുന്നു ഈ അട്ടിമറി നയിച്ചത്. ഇതിനെത്തുടർന്ന് തിരഞ്ഞെടുപ്പിൽ അധിഷ്ഠിതമായ ഒരു ഭരണഘടന മിദ്ഹത് പാഷ, പ്രഖ്യാപിക്കുകയും ഓട്ടൊമൻ സുൽത്താന് ഔപചാരികനേതൃസ്ഥാനം നൽകുകയും ചെയ്തു. സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമൻ എതിർപ്പുകളോടെയെങ്കിലും 1876 ഡിസംബർ മാസത്തിൽ ഈ ഭരണഘടന അംഗീകരിച്ചു.
സാമ്രാജ്യത്തിന്റെ അന്ത്യം
1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഓട്ടൊമൻ സുൽത്താൻ മെഹ്മെത് ആറാമന്റെ മൗനാനുവാദത്തോടെ നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചു. തൊട്ടടുത്ത ദിവസം സൈനികനേതാവായ മുസ്തഫ കമാൽ അങ്കാറ കേന്ദ്രീകരിച്ച് ഗ്രാൻഡ് നാഷണൽ അസംബ്ലി (GNA) എന്ന മറ്റൊരു പാര്ലമന്റ് രൂപീകരിക്കാൻ നേതൃത്വം നൽകി. 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
#malayalam #kerala #entertainment #films #manicheppu #OnLine #books #literature #writers
Images: google