നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – പതിനാല് (നോവൽ അവസാന ഭാഗം)
പ്രണയതാപമേറ്റ് പ്രജ്ഞയ്റ്റ മജ്നൂന്‍ മുഴുഭ്രാന്തനായി മാറിയെങ്കിലും, അവന്റെ പ്രണയവികാര ങ്ങള് മുഴുവനും കെട്ടടങ്ങിയിരുന്നില്ല. അവന്റെ അനുരാഗ വായ്പിനെക്കുറിച്ച് സൈദിന് നല്ല വിവരമുണ്ടായിരുന്നു. അക്കാര്യം ഇടയ്ക്കിടെ സൈദ് ലൈലയെ അറിയിച്ചുകൊണ്ടിരുന്നു.
ഇതിനിടയില്‍ ലൈലയിലും പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അവളുടെ മുഖത്ത്, തീരെ അസാധാരണമായ ചില ഭാവപ്പകര്‍ച്ചകള്‍ ദൃശ്യമായി. ദിനേന അത് കൂടിവന്നു. കണ്ണുകള്‍ രണ്ടും ഒരു വല്ലാത്ത രീതിയില്‍ പ്രകാശിക്കാന്‍ തുടങ്ങി. പേടിപ്പിക്കുന്ന ഒന്ന്. കവിളുകള്‍ വിളര്ത്തുവന്നു. ജീവിത നൈരാശ്യവും തീവ്രമായ മനോവേദനയും അവളെ സദാ കാര്‍ന്നു തിന്നു. താമസം വിനാ അവളൊരു നിത്യ രോഗിണിയായി മാറി.
ലൈലയുടെ അവസാന നാളുകളിലൊന്നില്‍ സൈദ് മുഖേന കൊടുത്തയച്ച ഒരു സന്ദേശത്തില്‍, അവള് ഇങ്ങനെ എഴുതി: ആ സന്ദേശം പലതവണ “എന്റെ ഭൌതിക ശരീരം, ആദ്യമായി അദ്ദേഹമെന്നെ കരവലയത്തിലാക്കിയ, ആ സ്വര്‍ഗ്ഗീയ ഭൂമിയില്‍ അടക്കം ചെയ്യണം. ആ നന്ദനോദ്യാനത്തിനകത്ത്, ആ പുഴയോരത്ത് വീണ്ടും അങ്ങ് എന്നെ കണ്ടെത്തുന്നതായിരിക്കും.”
ആ സന്ദേശം പലതവണ വായിച്ച് മജ്നൂന്‍ കണ്ണീരൊഴുക്കി. പിന്നെ, പിന്നെ “ലൈലാ…” എന്ന് ഉറക്കെ വിളിച്ച് പൊട്ടിച്ചിരിച്ചു. “ഇതാ നിനക്കു പിറകെ ഞാനുമുണ്ട്” അത് മരുഭൂമിയിലാകെ പ്രതിധ്വനിച്ചു.
പിറ്റേന്ന് പ്രഭാതവെയില്‍ മരുഭൂമിയില്‍ സ്വര്‍ണ്ണപ്പട്ട് നിവര്‍ത്തിയ വേളയില്‍, അന്യോന്യം കൈകോര്‍ത്ത് പിടിച്ച് രണ്ട് യുവസ്നേഹിതന്മാര് വേഗം നടന്നു വരുന്നത് കണ്ടു. അതിലൊന്ന് ക്വൈസും രണ്ടാമന് സൈദുമായിരുന്നു.
വനത്തിനരികില്‍ അവര്‍ എത്തിയപ്പോള്‍, സൈദിന്റെ കൈത്തലം തട്ടിമാറ്റി ക്വൈസ് ത്ഥടുതിയില്‍ കൂതറിയോടിക്കൊണ്ട് വനാന്തരത്തിലേക്ക് കയറി. പിറകേ സൈദും കയറിച്ചെന്നു. കാട്ടരുവിയും പുഴയും ചേരുന്നിടത്ത് ക്വൈസ് നിന്നു. തന്റെ ഇഷ്ടകാമുകിയെ കണ്ട അതേ ഇടം. അവന്റെ ഓര്‍മയില്‍ ആ നിമിഷങ്ങള്‍ മിന്നിത്തെളിഞ്ഞു. അവിടെ കണ്ട കബറിടത്തിനരികെ അവന് മുട്ടുകുത്തി നിന്നു. ഒരു നിമിഷനേരം എന്തോ ഓര്‍ത്തുകൊണ്ട് അവന് നിശ്ശബ്ദനായി. പിന്നെ ആ കുടീരത്തിനു മീതെ അവന് ആര്‍ത്തലച്ചു വീണു.
ഹൃദയം പിളര്‍ക്കുമാറ് “ലൈലാ” എന്ന് അവന് തലതല്ലി ആര്‍ത്തു കരഞ്ഞു. “ഇതാ നിനക്കു പിറകെ ഞാനുമുണ്ട്” അവന് ഭ്രാന്തമായി നിലവിളിച്ചു.
സൂര്യന് ഉദിച്ചുയര്‍ന്നു. ദിക്കെങ്ങും പ്രകാശം പരന്നു. ആ വെളിച്ചത്തില്‍ സൈദ് അത്യന്തം ദുഃഖിത നായി ആസന്ന മരണസ്ഥനായ ക്വൈസിന്റെ അരികെ നിലയുറപ്പിച്ചു. അവന് രണ്ടു പേര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു.
(അവസാനിച്ചു)