ഹരീഷ് ആർ നമ്പൂതിരിപ്പാട്
അമ്മിണിക്കുട്ടിക്ക് ഒരു പൂച്ചയുണ്ട് കിറ്റി. എപ്പോഴും നിഴലുപോലെ കൂടെയുണ്ടാകും.
“മ്യാവൂ മ്യാവൂ കരയാതെ
കൂടെ നടന്നു കളിച്ചീടാൻ
കിറ്റിപ്പെണ്ണേ നീ വായോ
പാലും ചോറും തന്നീടാം
വായോ എന്നുടെ ചങ്ങാതീ”
എന്നുപറഞ്ഞ് അമ്മിണിക്കുട്ടി കിറ്റിയെ ഞെക്കിപ്പിടിക്കും.
അമ്മിണി കിടക്കുന്ന കട്ടിലിൽ തന്നെയാണ് കിറ്റിയുടെ കിടപ്പ്. അടുക്കളയിലും, സോഫയിലും, എല്ലാം അവൾ സ്വാതന്ത്ര്യത്തോടെ നടക്കും.
ഇടയ്ക്ക് അമ്മ പറയും.
“മോളൂ… പൂച്ചയെ ഇങ്ങനെ മടിയിൽ വച്ച് ലാളിക്കരുത്. അതിന്റെ രോമം അപകടമുണ്ടാക്കും.”
അത് പറയുമ്പോൾ അമ്മിണി പൂച്ചയെ കൂടുതൽ സ്നേഹത്തോടെ ഞെക്കിപ്പിടിക്കും.
“ഈ കുട്ടിയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എന്തിനാണതിനെ ബലമായി ഞെക്കുന്നത് പാവക്കുട്ടിയൊന്നുമല്ല ജീവനുള്ളതാണ്, വേദനിക്കും ശ്വാസംമുട്ടിയിട്ട് മാന്തുകയോ കടിക്കുകയോ ചെയ്താൽ കൂടുതൽ പ്രശ്നമാണേ…”
അമ്മിണി അതൊന്നും കേൾക്കാതെ കിറ്റിയെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങും.
ഒരു ദിവസം അമ്മിണി കിറ്റിയെ ബലമായി ഞെക്കിപ്പിടിച്ചു, ശ്വാസം മുട്ടിയ കിറ്റി കുതറി രക്ഷപ്പെടാൻ ശ്രമിച്ചു.
അബദ്ധത്തിൽ പൂച്ചയുടെ നഖം ദേഹത്ത് കൊണ്ട് മുറിഞ്ഞ് ചോരയൊഴുകി. അച്ഛൻ ഉടൻ അവളെയും കൊണ്ട് ആശുപത്രിയിൽ പോയി മുറിവു മൂലമുള്ള വേദന കൂടാതെ ശക്തിയേറിയ കുത്തിവെപ്പുകളുടെ വേദനയും, അവൾക്ക് സഹിക്കേണ്ടി വന്നു.
ഡോക്ടറങ്കിൾ പറഞ്ഞു,
“മോളേ, വളർത്തുമൃഗങ്ങളെ സ്നേഹിക്കുകയും അവയ്ക്ക് സമയാസമയങ്ങളിൽ ഭക്ഷണവും വെള്ളവും കൊടുക്കുകയും വേണം. പക്ഷേ അവയോട് അടുത്തിടപഴകുന്നത് ശ്രദ്ധയോടെ ആവണം. സ്നേഹത്തോടെ നാം ചെയ്യുന്ന ചില പ്രവർത്തികൾ അവയെ വേദനിപ്പിക്കും. അപ്പോൾ അവ സകലതും മറന്നു നമ്മെ തിരികെ ആക്രമിക്കാൻ സാധ്യതയുണ്ട്. ”
ഇത് കേട്ട അച്ഛൻ കൂട്ടിച്ചേർത്തു,
“സ്നേഹിക്കുന്നതിനു കുഴപ്പമില്ല, പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ട്.”
അമ്മിണി വേദനമറന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.