വിജയ വാസുദേവൻ
ചിങ്ങത്തിൽ മഴയൊന്നു,
ചിണുങ്ങിയാൽ മാനം
മങ്ങുന്ന കാലമീ, ഓണം.
കാറ്റൊന്നു മൂളിയാൽ,
ആറ്റിന്റെ വക്കത്തെ,
മൂക്കുറ്റി പൂക്കുന്ന, കാലം.
മറഞ്ഞൊരു കാലത്തിൻ,
കഥപറഞ്ഞാടുവാൻ,
ഊഞ്ഞാലുകെട്ടുന്ന കാലം.
കോടിയണിഞ്ഞിട്ടു,
വെയിലൊന്നു പൂക്കുമ്പോൾ
കുയിലുകൾ പാടുന്ന കാലം
പൂങ്കാവനം തേടി,
തുമ്പികൾ പാറുമ്പോൾ
തുമ്പകൾ പൂക്കുന്ന കാലം.
പൊന്നിൻ, കതിർ മണി,
ചിന്നുന്ന വയലേല,
സദ്യയൊരുക്കുന്ന, കാലം
മാബലി തമ്പുരാൻ,
മലയാള നാടിനെ,
കാണുവാൻ എത്തുന്ന കാലം
#malayalam #poem #literacy #reading #online #magazines #writing