പ്രതാപൻ അഴീക്കോട്
നാടും നഗരവുമൊന്നുപോലെ
മോടിയണിഞ്ഞിതാ നിൽക്കുന്നു
ആഗസ്റ്റ് പതിനഞ്ചാം നാളണയും
സ്വാതന്ത്ര്യപ്പുലരിയെ വരവേൽക്കാൻ!
നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ
മാറ്റേറും വിജയം വരിച്ച ദിനം
വിദ്യാലയങ്ങളും കാത്തിരിപ്പൂ
മൂവർണക്കൊടിയുയരും നിമിഷമെത്താൻ!
തളിരോലത്തോരണം, വർണ്ണ ബലൂണുകൾ
പുതുപുഷ്പഹാരങ്ങൾ എങ്ങുമെങ്ങും
ഉല്ലാസമോടെ പറന്നു പാടുന്നു
സ്വാതന്ത്ര്യഗീതങ്ങൾ കിളികുലങ്ങൾ!
വന്ദിച്ചിടാം ഭാരതാംബയെ, ഒന്നായ്
വന്ദിച്ചിടാം മൂവർണ്ണക്കൊടിയെ!
വീരരാം സ്വാതന്ത്ര്യപ്പോരാളികൾ-
ക്കാദരമേകിടാം ഈ ദിനത്തിൽ!!
#malayalam #poem #literacy #reading #online #magazines #writing