ഈ യാത്ര മസ്കറ്റിലേക്കാണ്. ദുബായിൽ നിന്ന് ഒമാനിലേക്കുള്ള യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും. മൊത്തത്തിൽ ഒരു നാലര മണിക്കൂർ കാർ യാത്രയുണ്ട് ഒമാനിലെ മസ്കറ്റിൽ എത്തിച്ചേരാൻ. പോകുന്ന വഴിയിൽ കൂടുതലും മലനിരകളും മറ്റുമാണ് ഇരുവശങ്ങളിലുമായി കാണപ്പെടുന്നത്. കുറെയേറെ കാണുമ്പോൾ ഈ കാഴ്ചകൾ കണ്ടു ചിലർക്കെങ്കിലും വിരസത അനുഭവപ്പെട്ടേക്കാം. നല്ല നിരത്തുകൾ ആണ് ഏറെ ആശ്വാസം പകരുന്നത്. തിരക്കും കുറവാണ് ഇത്തരം റോഡുകളിൽ. കൂടുതലും ഒമാൻ യാത്രക്ക് വേണ്ടി ഉപയോഗിക്കുന്ന റോഡ് ആയതിനാലാണ് മറ്റു റോഡുകളെ അപേക്ഷിച്ചു ഇവിടെ തിരക്ക് കുറയുന്നത്.
യുഎഇ യിൽ നിന്നും ഒമാനിലേക്ക് പോകാൻ ഓൺലൈനിൽ വിസ ലഭിക്കും. അല്ലെങ്കിൽ ഒമാൻ ബോർഡറിൽ നിന്നും വിസ എടുക്കാവുന്നതാണ്. രണ്ടു രാജ്യങ്ങളുടെയും അതിർത്തികൾ കടക്കാനായി, ചെറിയ ചെക്കിങ്ങും മറ്റും കഴിയാൻ ഒരു 30 മിനിറ്റ് എടുക്കും. അത് കഴിഞ്ഞാൽ ഒമാനിലാണ് ഇനിയുള്ള യാത്ര.
യുഎഇ യിൽ കണ്ടതുപോലെയുള്ള റോഡുകളാണ് ഒമാനിലും കാണുന്നത്. നല്ല വൃത്തിയുള്ള നിരത്തുകൾ. കുറെയേറെ മലകളും പാറകളും കൊണ്ട് നിറഞ്ഞിരിക്കുന്ന വിജനമായ പ്രദേശങ്ങൾ. തിരക്ക് കുറവായതുകൊണ്ട് ഡ്രൈവിംഗ് സുഖമാണ്. കുറെ ദൂരം പിന്നിടുമ്പോൾ മസ്കറ്റിലേയ്ക്കും, ഒമാനിലെ പ്രകൃതി രമണീയത കൊണ്ട് പ്രശസ്തമായ സലാലയിലേക്കും വെവ്വേറെ റോഡുകളായി തിരിയും. സലാലയിലേക്ക് ഒരുപാട് ദൂരം ഡ്രൈവ് ചെയ്യേണ്ടതുണ്ട്.
ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് മസ്കറ്റ്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ ഗ്രീസുമായി വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതുഗതാഗത സംവിധാനവുമുണ്ട്.
റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ചെറു നദികളെയും മസ്കറ്റിൽ പലയിടങ്ങളിലും കാണാനാകും. മിക്കവാറും കടലിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ ആണ് ഇത്തരം അരുവികൾ കാണപ്പെടുന്നത്. ബീച്ചിന്റെ സമീപത്തായി സ്റ്റാർ ഹോട്ടലുകളും കാണാം. ദുബായിയെ അപേക്ഷിച്ചു മസ്‌കറ്റിലെ ബീച്ചുകളിൽ വലിയ തിരക്ക് കാണാറില്ല.
എന്നാൽ കോർണിഷിൽ സായാഹ്നങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് അവധി ദിവസങ്ങളിലും വീക്കെന്റുകളിലും ആണ് ഇങ്ങനെ തിരക്ക് കാണുന്നത്. കോർണിഷിന്റെ ഓരത്തു നിന്നാൽ അകലെയായി കപ്പലുകളും മറ്റും കാണുവാൻ സാധിക്കും.
ഓപ്പറ ഗാലേറിയ:
അതാണ് ‘റോയൽ ഓപ്പറ ഹൗസ് മസ്‌കറ്റി’ന്റെ പുതിയ മുൻനിര ഷോപ്പിംഗ് ഡെസ്റ്റിനേഷനായ “ഓപ്പറ ഗാലേറിയ”. അതിശയകരമായ ഷോപ്പുകൾ, അന്താരാഷ്ട്ര ബ്രാൻഡുകൾ, അന്താരാഷ്ട്ര കഫേകൾ, ഡൈനിംഗ് ഓപ്ഷനുകൾ എന്നിവയുടെ ഒരു നിരയാണ്. ആർട്ട് ഔട്ട്‌ലെറ്റുകൾ, രത്നങ്ങൾ, ഫാഷൻ, പെർഫ്യൂമുകൾ എന്നിവയുടെ വിശാലമായ ശ്രേണിയും വാഗ്ദാനം ചെയ്യുന്ന 50 ഓളം ഷോപ്പുകൾ ഇവിടെയുണ്ട്. ഒമാനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയാണ് മസ്‌കറ്റിലെ ഈ റോയൽ ഓപ്പറ ഹൗസ്. ലോക സാംസ്‌കാരിക കലകളുടെ കേന്ദ്രമായി പ്രവർത്തിക്കുക എന്നതോടൊപ്പം, വൈവിധ്യമാർന്ന കലാ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളിലൂടെ ജീവിതത്തെ സമ്പന്നമാക്കാൻ ശ്രമിക്കുക വഴി സാംസ്കാരിക ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.
പരമ്പരാഗത അറബിക് ശൈലിയിലുള്ള വലിയ മന്ദിരങ്ങളാണ് റോഡിൻറെ വശങ്ങളിൽ കാണുന്നത്. ഇതിൽ മിക്ക ഓഫീസ് കെട്ടിടങ്ങളും ഉൾപ്പെടും. കൂടാതെ നിരവധി ഗാർഡനുകളും റോഡിൻറെ വശങ്ങളിൽ കാണാം. നിരവധി പച്ചപ്പാർന്ന പൂന്തോട്ടങ്ങൾ ഇടയ്ക്കിടെ കാണാൻ സാധിക്കും. ദുബായ് പോലുള്ള മറ്റു ഗൾഫ് സിറ്റികളെ അപേക്ഷിച്ചു മസ്‌കറ്റിലെ റോഡുകളിൽ നന്നേ തിരക്ക് കുറവ് ആയി ആണ് കാണപ്പെടുന്നത്. എവിടെ നോക്കിയാലും ദൂരെ മലകൾ കാണപ്പെടുന്നുണ്ട്. മലകളാൽ ചുറ്റപ്പെട്ട ഒരു സിറ്റിയാണ് മസ്കറ്റ് എന്ന് തോന്നി പോകും. വിവിധ രൂപങ്ങളിലുള്ള പല നിർമ്മിതികളും റോഡിൻറെ ഇരുവശങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും. റോഡിന്റെ വശങ്ങളിൽ മരങ്ങൾ നട്ടുവളർത്തി തണൽ കൊണ്ടുവരുവാനുള്ള ശ്രമം എവിടെയും കാണാം. നിരത്തുകളുടെ ഇരുവശങ്ങളും നല്ല വൃത്തിയിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്.
ഖുറം നാച്ചുറൽ പാർക്ക്:
മസ്‌കറ്റിലെ ഒരു പ്രധാന ആകർഷണമാണ് ഖുറം നാച്ചുറൽ പാർക്ക്. സമൃദ്ധമായ പൂന്തോട്ടങ്ങളാൽ നിറഞ്ഞ ഖുറം നാച്ചുറൽ പാർക്ക് ഒരു ഡേ പിക്നിക് ആസ്വദിക്കാൻ മസ്‌കറ്റിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏക്കറുകൾ വിസ്തൃതിയുള്ള ഈ വലിയ പാർക്ക് നടന്നു കണ്ടു തീർക്കുക പ്രയാസമുള്ള കാര്യമാണ്. ഒരു വലിയ തടാകവും അതിലെ ബോട്ടിങ്ങും ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ ഈ പാർക്കിൽ പലതരം പക്ഷികളുടെ ശബ്ദങ്ങൾ ഇടയ്ക്കിടെ നിറഞ്ഞു നിൽക്കും. കുട്ടികൾക്ക് കളിക്കാനുള്ള ഒരു ചെറിയ അമ്യൂസ്മെന്റ് പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. മസ്കറ്റ് സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിയും ഖുറം നാച്ചുറൽ പാർക്ക് കാണാതെ പോകാറില്ല. ഈ പാർക്കിന്റെ വലിപ്പമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. നല്ല വൃത്തിയിൽ തന്നെ ചെടികളും മറ്റും, വശങ്ങളിൽ വെട്ടി ഒരുക്കി ഭാഗിയാക്കിയിട്ടുണ്ട്. പലതരം നിർമ്മിതികളും വഴിവിളക്കുകളും കൊണ്ട് പാർക്കിന്റെ ഭംഗി കൂട്ടുന്നു. പാർക്കിനകത്തെ നിരത്തുകളും വളരെ ഭംഗിയിൽ ഒരുക്കിയിരിക്കുന്നു.
അൽ ആലം പാലസ്:
സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ്, ആചാരപരമായ കാര്യങ്ങൾക്കു ഉപയോഗിക്കുന്ന കൊട്ടാരമാണ് അൽ ആലം പാലസ്. സുൽത്താന്റെ ആറ് വസതികളിൽ ഒന്നായ അൽ ആലം കൊട്ടാരത്തിന് 200 വർഷത്തിലധികം ചരിത്രമുണ്ട്. പഴയ നിർമ്മിതിയാണെങ്കിലും, സ്വർണ്ണത്തിന്റെയും നീലയുടെയും മുഖമുള്ള നിലവിലുള്ള കൊട്ടാരം1972-ൽ ഒരു രാജകീയ വസതിയായി പുനർനിർമിച്ചതാണ്. പൊതുജനങ്ങൾക്ക് ഗേറ്റുകൾക്ക് സമീപം നിർത്തി ഫോട്ടോ എടുക്കാൻ അനുവാദമുണ്ട്. ¬¬കൊട്ടാരം ഔദ്യോഗിക ചടങ്ങുകൾക്ക് ഉപയോഗിക്കുകയും വിശിഷ്ട സന്ദർശകരെ സ്വീകരിക്കുകയും ചെയ്യുന്നു. 2012 ജനുവരിയിൽ, ഒമാനിലേക്കുള്ള സന്ദർശന വേളയിൽ അൽ ആലം കൊട്ടാരത്തിൽ വെച്ച് ആണ് സുൽത്താൻ, നെതർലൻഡ്‌സിലെ ബിയാട്രിക്സ് രാജ്ഞിയെ സ്വീകരിച്ചത്.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ച മിറാനി, ജലാലി കോട്ടകളാൽ ചുറ്റപ്പെട്ടതാണ് അൽ ആലം കൊട്ടാരം. ആ വിശാലമായ കോട്ടകളാൽ ചുറ്റപ്പെട്ട ആ രാജകീയ മന്ദിരം തലയെടുപ്പോടെ അങ്ങനെ നിൽക്കുന്നു.