വിഷുവിനെ വരവേൽക്കാൻ നമ്മൾ ഏവരും തയ്യാറായി കഴിഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് വിഷു എന്നത് ഒരു അവധി ദിവസം എന്നതിലുപരി എന്തൊക്കെ കാര്യങ്ങൾ അറിയാം? വിഷുവിനെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ഇവിടെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു (മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച വിഷുവിനെ കുറിച്ചുള്ള ലേഖനത്തിൽ നിന്നും).
കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.
‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
പേരിനു പിന്നിൽ
വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.
ഐതിഹ്യം
നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. രാമൻ തന്നെ സീതയുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസം ദീപാവലിയായും കൊണ്ടാടുന്നതെന്ന് മറ്റൊരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.
ആചാരങ്ങൾ
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയെ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണ് ചാലിടീൽ. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണ് കൈക്കോട്ടുചാൽ. പുതിയ കൈക്കോട്ടിനെ കഴുകി കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്, വീടിന്റെ കിഴക്ക് പടിഞ്ഞാറു ഭാഗത്ത് വച്ച് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തി കിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
കണിക്കൊന്ന
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന (ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്.
വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കാണിക്ക വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും, പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണി കൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്. ‘വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ’ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുന്നത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. പണ്ട് മുതലേ ഉള്ള ഈ സമ്പ്രദായം ഇന്നും നമ്മുടെ നാട്ടിൽ തുടരുന്നുണ്ട്.
വിഷു ഉത്സവം
മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർങ്ങക്കാവിലെതാണ് (ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര, കെട്ടുകാളകൾ, എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്.
ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ് കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്. ഭാരതത്തിലെമ്പാടും ഇതേ ദിവസം സമാന ആഘോഷങ്ങൾ ഉണ്ട്
മണിച്ചെപ്പിന്റെ എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ!
#malayalam #vishu#kerala #online#festival