Articles

മലയാള സിനിമയ്ക്ക് ഒരു അമ്മയെ കൂടി നഷ്ടമായി – കെപിഎസി ലളിത വിടവാങ്ങി.

അവസാനം മലയാളക്കരയെ നൊമ്പരപ്പെടുത്തി ആ വാർത്ത വന്നു – കെപിഎസി ലളിത എന്ന ലളിതാമ്മ യാത്രയായി. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ നമ്മുടെ ഓർമ്മകളിൽ വിതറിയതിനു ശേഷമാണ് ലളിതാമ്മ നമ്മളെ വിട്ടു പോയത്. മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമയിലും മറക്കാനാവാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിന്റെ റീമേക്ക് ആയ കാതലുക്ക് മര്യാദൈ, മണിരത്‌നത്തിന്റെ അലൈപായുതേ, കാട്രുവെളിയിടെ തുടങ്ങിയവയാണ് തമിഴിലെ ശ്രദ്ധേയ ചിത്രങ്ങൾ. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സൻ കൂടിയായിരുന്നു ഈ പ്രതിഭ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. സ്‌കൂൾ പഠന കാലത്തു തന്നെ കലാമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ നൃത്തവും അഭ്യസിച്ചിരുന്നു. പിന്നീട് ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് പ്രവേശിക്കുന്നത്. ഒന്ന് രണ്ടു നാടക ട്രൂപ്പുകളിൽ പ്രവർത്തിച്ചതിനു ശേഷമാണ് കെപിഎസിയിലെത്തുന്നത്. അവിടെ നിന്നാണ് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിക്കുന്നത്.

1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978 ൽ മലയാളത്തിലെ പ്രശസ്ത സംവിധാകനായിരുന്ന ഭരതനെ വിവാഹം കഴിച്ചു. ഭരതന്റെ ചിത്രങ്ങളിലെ ഒരു അഭിവാജ്യ ഘടകമായി ലളിത മാറി. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ എന്ന ചിത്രത്തിൽ സ്‌ക്രീനിൽ വരാതെ തന്റെ ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട് ഈ അതുല്യ പ്രതിഭ. ഗൗരവമേറിയ അമ്മകഥാപാത്രങ്ങൾക്കൊപ്പം, ഹാസ്യപ്രധാനമായ കഥാപാത്രങ്ങളും തനിക്കു നന്നായി ഇണങ്ങുമെന്നു തെളിയിച്ച ഒരു അഭിനേത്രി ആയിരുന്നു കെപിഎസി ലളിത. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം നേടിയത്. ഭരതന്റെ സിനിമകിൽ എന്നപോലെ തന്നെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു കെപിഎസി ലളിത.



ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More