
നിഥിൻകുമാർ ജെ.
പിന്നിലേറെയുണ്ട് നിനവുകൾ
നിനവുകൾ തീർത്ത മതിലുകൾ
മതിലുകൾക്കിരുപുറവും
മഞ്ഞവെയിലിൻ പാടുകൾ.
മൂന്നു പതിറ്റാണ്ടിൻ ചരിത്രമുണ്ട്
ചരിത്രത്താളിൽ പടർന്ന
കറുത്ത രക്തമുണ്ട്.
എഴുതിത്തീരാത്ത
താളുകൾ ഏറെയുണ്ട്
അതില് ഏറിയ പങ്കും
പഴകിത്തുടങ്ങിയതിന്
കഥകൾ അനവധിയുണ്ട്.
ചുറ്റിത്തിരിയാൻ നേരമുണ്ട്
ചുറ്റും കാഴ്ചകൾ നിരവധിയുണ്ട്
എട്ടു ദിക്കിനറ്റത്തുവരെ
ഒട്ടിയ കീശയുമായി ചുറ്റി തിരിഞ്ഞിട്ടുമുണ്ട്.
അട്ടഹാസപ്പെരുമഴ പെയ്തു തോർന്നു
ഒട്ടനവധി മുഖങ്ങൾ ഒഴുകി മാഞ്ഞു.
ഓർമ്മത്താളിൽ നനവില്ല
ഓർമ്മത്തണ്ടിൽ എരിവുമില്ല
വർഷമെത്ര പെയ്തിറങ്ങി
വരണ്ട മണ്ണ് കുളിരുകൊണ്ടു.
നൂറല്ല; നൂറായിരം
പുഞ്ചിരികൾ തേവി മാറ്റി
നടന്നു തീർന്ന വഴികളേറെ
കണ്ടു തീർത്ത നിഴലുകളേറെ.
പഴകിത്തുടങ്ങിയ ഉടുതുണി പോലെ
അഴുകിത്തുടങ്ങിയ ഉടലുപോലെ
മങ്ങിയ മുഖവും
മാറാല പടർന്ന പുഞ്ചിരിയും
ഒട്ടിയ കീശയിൽത്തിരുകി
മുഖങ്ങൾക്കു വലംവെച്ചൊന്ന്
നോട്ടമെറിഞ്ഞു തീർക്കാം.
കാഴ്ചയിൽ പതിയാതെ
കാലം കടന്നതൊക്കെയും
കാറ്റിനു പറയാനൊരു കഥ മാത്രമോ?
പന്ത്രണ്ടാണ്ട് പഠിച്ചും
പന്ത്രണ്ടാണ്ട് അറിഞ്ഞും
പലകുറി എണ്ണിയിട്ടും
പലമുഖവും ദിശമാറി പോകയോ?
കടലലകളിൽ കരയില വീണപോലെ
കടലാസുവഞ്ചിയിൽ കാറ്റു പിടിച്ചപോലെ
ഞാനുമൊന്നൊഴുകട്ടെ
ഞാനുമൊന്നുലയട്ടെ
പരുക്കൻ പ്രതലത്തിൽ
തട്ടി നിൽക്കും വരെയും
ഒഴുകി നീങ്ങട്ടെ ഉലഞ്ഞറിയട്ടെ…
#malayalam #poem #literacy #reading #online #magazines #writing
