വെറും രണ്ടു ദിവസത്തെ മുംബൈ യാത്രയായിരുന്നു പ്ലാൻ ചെയ്തത്. മുംബൈ പോലുള്ള മഹാനഗരം ചുറ്റി കാണാൻ രണ്ടു ദിവസം പോരാ എന്നറിയാമെങ്കിലും, ദുബായിൽ നിന്നും നാട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ മുംബൈ വഴിയാക്കാം എന്ന് തീരുമാനിച്ചതാണ്. പ്രവാസികൾക്ക് ചുരുക്കം കിട്ടുന്ന വാർഷിക അവധി നാട്ടിലും ഉപയോഗമാക്കണമല്ലോ. അതുകൊണ്ടാണ് രണ്ടു ദിവസത്തേയ്ക്ക് മുംബൈ യാത്ര ചുരുങ്ങിയത്. ഞാൻ നേരത്തെ മുംബൈയിൽ പോയിട്ടുണ്ട്. മുംബൈയിലേക്കുള്ള എന്റെ മൂന്നാമത്തെ യാത്രയാണ് ഇത്. ഇത്തവണ ഭാര്യയും മകളും കൂടെയുണ്ട് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മകളുടെ ആദ്യ മുംബൈ ട്രിപ്പ്.
നവി മുംബൈയിലെ പൻവേൽ എന്ന സ്ഥലത്തു നിന്നായിരുന്നു മുംബൈ യാത്രയുടെ തുടക്കം. പൻവേലിൽ നിന്ന് ലോക്കൽ ട്രെയിനിൽ ഛത്രപതി ശിവാജി ടെർമിനലിലേക്കുള്ള യാത്ര. അന്നൊരു അവധി ദിവസമായതിനാൽ ട്രെയിനിൽ തിരക്ക് കുറവായിരുന്നു. നവി മുംബൈയുടെ ബോർഡർ കടന്ന് പഴയ ബോംബെ മഹാനഗരത്തിലേയ്ക്ക് ട്രെയിൻ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ മികച്ച നഗരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച മുംബൈയുടെ ചില കാഴ്ചകൾ ഒരു പക്ഷെ വിഷമിപ്പിക്കുന്നതായിരുന്നു. ഫ്ലൈഓവറുകളുടെയും മറ്റും താഴെ ടെന്റുകളും മറ്റും കെട്ടി വൃത്തിഹീനമായ പരിസരത്തിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾ. അവരെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാരുകൾ നടത്തിയെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.
അങ്ങനെ അവസാനം ട്രെയിൻ ഛത്രപതി ശിവജി ടെർമിനലിലേയ്ക്ക് പ്രവേശിച്ചു. പുരാതനമായ ഒരു ബ്രിഹത് നിർമ്മിതി തന്നെയാണ് ആ റെയിൽവേ സ്റ്റേഷൻ. ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ പഴയ ടിവി ന്യൂസുകളിലൂടെ ഓർമ്മകൾ പോയി. അജ്മൽ കസബ് എന്ന തീവ്രവാദിയുടെയും കൂട്ടാളികളുടെയും തോക്കിൽ നിന്നും ഉയരുന്ന വെടിയൊച്ചയും നാലുപാടും ചിതറിയോടുന്ന നിരപരാധികളായ യാത്രക്കാരും. ആ ദൃശ്യം എന്റെ മുന്നിലൂടെ ഒരു സിനിമയിൽ കാണുന്നതുപോലെ കടന്നുപോയി. അതിൽ ജീവൻ നഷ്ടമായ എത്രയോ പേർ. ഞാൻ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുകൂടി ആയിരിക്കില്ലേ അവർ ജീവനും കൊണ്ട് പാഞ്ഞത്?
റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ആ സ്റ്റേഷനെ ഒന്ന് കൂടി നോക്കി. പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്ന ഛത്രപതി ശിവജി ടെർമിനൽ എന്ന മുംബൈയുടെ സ്വകാര്യ അഹങ്കാരം. അവിടെ നിന്നും ഒരു ടാക്സിയിൽ നേരെ ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന മുംബൈ നഗരത്തിന്റെ ട്രേഡ്മാർക്ക് ആയ കവാടത്തിലേയ്ക്ക്. മുംബൈ ആക്രമണം നടന്നതിനു ശേഷം അതിനുള്ളിലേയ്ക്ക് സെക്യൂരിറ്റി പരിശോധനയിലൂടെ മാത്രമേ അകത്തേയ്ക്ക് കയറ്റി വിടുകയുള്ളൂ. നല്ല ജനതിരക്കുണ്ട് അവിടെ. അതിനു സമീപമാണ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ ‘താജ്’ എന്ന ആഡംബര ഹോട്ടൽ. കുറെ നേരം അവിടെ നിന്ന് സ്ഥലങ്ങൾ ചുറ്റികണ്ടു.
അവിടുന്ന് മറ്റൊരു ടാക്സിയിൽ നരിമാൻ പോയിന്റ്, മറൈൻ ഡ്രൈവ് ഒക്കെ ഒന്ന് ചുറ്റികറങ്ങി. കുറെ സ്ഥലങ്ങൾ നടന്നു കണ്ടു. പഴയ വിക്ടോറിയൻ ശൈലിയിലുള്ള കെട്ടിടങ്ങളും, പ്രതിമകളുമൊക്കെ നഗരത്തിന്റെ പലയിടങ്ങളിലും കാണുവാൻ സാധിച്ചു. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്, എൽ ഐ സി ബിൽഡിംഗ്, എല്ലാത്തരം ആളുകളെയും പ്രത്യേകിച്ച് യുവാക്കളെ ആകർഷിക്കുന്ന ‘ഫാഷൻ സ്ട്രീറ്റ്’ എന്ന തെരുവോര വസ്ത്ര വില്പന കേന്ദ്രം എന്നിവയെല്ലാം യാത്രക്കിടയിൽ കാണുവാൻ സാധിച്ചു.
ഇത്രയും കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും വൈകുന്നേരമായി. ഇനി തിരിച്ചു പോകണം. ഇനിയുമുണ്ട് കാഴ്ചകൾ കണ്ടുതീർക്കാൻ. അതിനു ഒരു വരവ് കൂടി വരേണ്ടി വരും എന്ന് മനസ്സിലുറപ്പിച്ചായിരുന്നു മടക്കയാത്ര. അമ്പര ചുംബികളായ കെട്ടിടങ്ങളോടൊപ്പം ചരിത്രമുറങ്ങുന്ന പഴയ മന്ദിരങ്ങളും അതുപോലെ നിലനിർത്തികൊണ്ട് തന്നെ മുംബൈ നഗരം ഒരു സുന്ദരിയായി വിളങ്ങി നിൽക്കുകയാണ്. എന്റെ ഭാര്യയ്ക്കും മകൾക്കും അതൊരു പുതിയ അനുഭവമായിയുന്നു. ഇനിയും ഒരിക്കൽ കൂടി ഇവിടെയ്ക്ക് വരണമെന്ന് അവർ പറഞ്ഞതിൽ തന്നെ അത് മനസിലാക്കാം. കണ്ട കാഴ്ചകളെ കുറിച്ച് സംസാരിച്ചും ഇനി കാണാൻ പോകുന്ന കാഴ്ചകളുടെ പ്ലാൻ തയ്യാറാക്കിയും ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.
– വരുൺ
നിങ്ങൾക്കും ഇതുപോലെ നിങ്ങൾ നടത്തിയ യാത്രയെ കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം (ഉണ്ടെങ്കിൽ) അയച്ചു തരാവുന്നതാണ്. നിങ്ങളുടെ articles അയയ്‌ക്കേണ്ട Email ID: [email protected]