കാട്ടില്‍ നിന്നും ഉണ്ടായ ആ ശബ്ദത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍! അല്ലെങ്കില്‍, രഹസ്യം തേടി പുറപ്പെട്ട മൃഗങ്ങളുടെ സംഘത്തില്‍ നിന്നും ഗതി മാറിയ യാത്രയുടെ കടിഞ്ഞാണ്‍ പിന്നീട് കുറുക്കന്‍ മൂപ്പനിലേക്ക് മാത്രമായി എത്തിച്ചേരുന്നതെങ്ങിനെയാണ്. ഇടയ്ക്ക് അത്ഭുതം നിറഞ്ഞ വഴിത്തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് ലഷോകിയും ഒഗനും മെഗോസയും റകാദയും അവിടെ രംഗപ്രവേശം ചെയ്യുമ്പോള്‍, ജിജ്ഞാസപൂര്‍ണമായ ആ യാത്രയില്‍ മൂപ്പനോടൊപ്പം നാമും ലയിച്ചു പോകുന്നു. കറുപ്പും വെള്ളയും നിറങ്ങളില്‍ മാറി വന്ന കോട്ടയിലേക്കും വെര്‍നോഗയുടെ മായാജാലത്തിലേക്കും അവസാനം അതു മൂപ്പനെ കൊണ്ടെത്തിക്കുമ്പോഴേക്കും മാസ്മരികതയുടെ ഒരു സ്പര്‍ശം നമ്മളും അനുഭവിച്ചറിയും.
അഷറഫ് നിസ്സാർ തിക്കോടിയാണ് ഈ മനോഹരമായ നോവൽ എഴുതിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രമേയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഹൃദ്യമാകുന്ന തരത്തില്‍, 21 മനോഹരമായ വര്‍ണചിത്രങ്ങള്‍ സഹിതം മുഴുവന്‍ glossy art paper ല്‍ അവതരിപ്പിക്കപ്പെട്ട ഈ നോവല്‍ ഇപ്പോൾ ആമസോണിലും ലഭ്യമാണ്.